ഗോകുൽ ദാസ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് മത്സരിച്ചതിനുള്ള പ്രതികാരനടപടിയാണ് അന്വേഷണമെന്ന ആക്ഷേപമാണ് അനുകൂലികൾ ഉയർത്തുന്നത്
പണപ്പിരിവിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി. എ. ഗോകുൽ ദാസിനെതിരെ അന്വേഷണം. പരാതിയിൽ അന്വേഷണം നടത്താൻ പാർട്ടി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ഗോകുൽ ദാസ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് മത്സരിച്ചതിനുള്ള പ്രതികാരനടപടിയാണ് അന്വേഷണമെന്ന ആക്ഷേപമാണ് അനുകൂലികൾ ഉയർത്തുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ അംഗങ്ങമായ ടി.എം. ശശി, ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷണം നടത്തുക. അഞ്ച് വർഷം മുൻപാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ്, മുണ്ടൂരിലെ പാർട്ടി ഓഫീസ് നിർമാണം, പാലിയേറ്റീവ് കെയർ സെൻ്റർ നിർമാണം തുടങ്ങിയവയ്ക്കായി നടത്തിയ പണപ്പിരിവിൽ ഗോകുൽ ദാസ് ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം.
അതേസമയം ഗോകുൽദാസ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് മത്സരിച്ചതിന്റെ പ്രതികാരമാണ് പരാതിയും അന്വേഷണവുമെന്നാണ് അനുകൂലികളുടെ പക്ഷം. അകത്തേത്തറ ലോക്കൽ കമ്മിറ്റിയിലെ ആളാണ് ഗോകുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരനെതിരെയും സാമ്പത്തിക ആരോപണങ്ങളുണ്ട്. അകത്തേത്തറയിലെ പാൽ സൊസൈറ്റി നിർമാണവുമായി ബന്ധപ്പെട്ട് 2 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇയാൾക്കെതിരായ പരാതി. ഇത് മറച്ചുവെക്കാനാണ് ഗോകുൽ ദാസിനെതിരായ പരാതി എന്ന വാദവും ഉയരുന്നുണ്ട്.