പൊതുപ്രവർത്തകൻ കെ. സന്തോഷ് കുമാറാണ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകിയത്
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി. പുലിപ്പല്ല് ലോക്കറ്റ് എന്ന് തോന്നിക്കുന്ന മാലയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുപ്രവർത്തകൻ കെ. സന്തോഷ് കുമാറാണ് പരാതി നൽകിയത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ചീഫ് വൈൽഡ് ലൈഫ് വാർഡനുമാണ് പരാതി നൽകിയത്.
വന്യജീവി സംരക്ഷണ നിയമ പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കണമെന്നും ലോക്കറ്റ് ശാസ്ത്രീയമായി പരിശോധിക്കമമെന്നും പരാതിയിൽ ആവശ്യമുണ്ട്. നീതി എല്ലാവർക്കും തുല്യമാണെന്ന ഭരണഘടനാ ആശയം ഉയർത്തി പിടിക്കണമെന്നും സന്തോഷ് കുമാർ പരാതിയിൽ പറയുന്നു.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിമും പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പുലിപ്പല്ല് ലോക്കറ്റ് എന്ന് തോന്നിക്കുന്ന മാല ധരിച്ചുള്ള കേന്ദ്രമന്ത്രിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കണ്ണൂരിലെ മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ പുലിപ്പല്ല് കൊണ്ടുള്ള ലോക്കറ്റ് കഴുത്തില്‍ കണ്ടുവെന്ന് പരാതിയില്‍ പറയുന്നു.
മാമാനിക്കുന്ന് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴും തൃശൂരില്‍ പൊതുപരിപാടിയിലും പുലിപ്പല്ല് മാല ദൃശ്യമാകുന്ന വിധം സുരേഷ് ഗോപി ശരീരത്തില്‍ അണിഞ്ഞ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മാല അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് വ്യക്തമാണ്. ഇത്തരം വസ്തുക്കളുടെ പ്രദര്‍ശനവും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്.
വന്യമൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമാണെന്നിരിക്കേ പുലിപ്പല്ല് എങ്ങനെയാണ് അദ്ദേഹത്തിന്റെ കൈവശം എത്തിയതെന്ന് വിശദീകരിക്കണം. കേന്ദ്രമന്ത്രിയുടെ നിയമലംഘനം ഭരണഘടനാ ലംഘനവും ഗുരുതരമായ കൃത്യവിലോപമാണെന്നും പരാതിയില്‍ പറയുന്നു.