2026 ഓടെ ഐഫോണ്‍ ഉത്പാദനം പൂർണമായി ഇന്ത്യയിലേക്കെത്തുമെന്ന മുന്‍ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ പ്രഖ്യാപനം
ഡൊണാൾഡ് ട്രംപ്- ചെെന താരിഫ് ഏറ്റുമുട്ടലിനിടെ, ചെെന കേന്ദ്രീകരിച്ചുള്ള ഐഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിട്ട് ആപ്പിള്‍. ഇനി യുഎസ് വിപണിയിലെത്തുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യന്‍ നിർമിതമാകുമെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് അറിയിച്ചത്. 2026 ഓടെ ഐഫോണ്‍ ഉത്പാദനം പൂർണമായി ഇന്ത്യയിലേക്കെത്തുമെന്ന മുന്‍ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ പ്രഖ്യാപനം.
ALSO READ: പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ
വരും മാസങ്ങളില്‍ യുഎസ് വിപണിയിലെത്തുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യന്‍ നിർമ്മിതമാകുമെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്കിന്‍റെ പ്രഖ്യാപനം. അതേസമയം, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, എയർപോഡ് എന്നി മറ്റ് ഉത്പന്നങ്ങളുടെ ഉത്പാദനം വിയറ്റ്നാമില്‍ തുടരും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏപ്രിലില്‍ തിരികൊളുത്തിയ താരിഫ് യുദ്ധം ചെെനയും ഏറ്റുപിടിച്ച പശ്ചാത്തലത്തിലാണ് യുഎസ് ടെക് ഭീമന്മാർ ഇന്ത്യയിലേക്ക് ഉത്പാദന ഹബ്ബ് മാറ്റുന്നത്. 2026 മുതൽ യുഎസിലേക്കുള്ള മുഴുവന്‍ ഐഫോണുകളുടെയും ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നതായി 'ഫിനാൻഷ്യൽ ടൈംസ്' മുന്‍പ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലേക്ക് ഉത്പാദന ശൃംഖല മാറ്റുന്നതിന് കോടിക്കണക്കിന് ഡോളറിന്‍റെ ചെലവാണ് ആപ്പിള്‍ കണക്കാക്കുന്നത്. പുതിയ ഫാക്ടറികള്‍ നിർമിക്കുന്നതടക്കം, അടുത്ത വർഷങ്ങളിലായി 500 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ആപ്പിള്‍ ഇന്ത്യയില്‍ പദ്ധതിയിടുന്നു. അതേസമയം, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ കുറവാണെന്നതാണ് നേട്ടം.
നിലവിൽ ആഗോള ഫോൺ ഉൽപ്പാദനത്തിൽ ചൈനയ്ക്കാണ് ആധിപത്യം. മൊത്തം വിതരണത്തിന്‍റെ 76 % ചെെനയില്‍ നിന്നും ഇന്ത്യയില്‍ നിന്ന് 8.4% ശതമാനവും എന്ന നിലയിലാണ് വ്യത്യാസം. എന്നാല്‍ ഈ വർഷത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ കുതിപ്പുണ്ടായെന്ന് എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് പറയുന്നു. 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 81.9% ശതമാനം യുഎസ് വിപണിയിലേക്കായിരുന്നു. 2025 മാർച്ചിൽ, കയറ്റുമതിയിൽ 219 % ശതമാനത്തിന്‍റെ വന്‍ കുതിപ്പുണ്ടാവുകയും- 97.6% ശതമാനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വർദ്ധിക്കുകയും ചെയ്തു. താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുണ്ടായ ഈ കുതിപ്പില്‍ ഏകദേശം 1.5 ദശലക്ഷം യൂണിറ്റുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. മാർച്ചിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള ഐഫോണ്‍ കയറ്റുമതി ഏകദേശം 3.1 ദശലക്ഷം യൂണിറ്റായിരുന്നു.