ആന്ധ്രാ പ്രദേശ് സ്വദേശി എം. മുരളി നായികാണ് (27) വീരമൃത്യു വരിച്ചത്
അതിർത്തിയിലെ പാകിസ്ഥാൻ വെടിവെപ്പിനിടെ ജവാന് വീരമൃത്യു. ആന്ധ്രാ പ്രദേശ് സ്വദേശി എം. മുരളി നായികാണ് (27) വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മുരളിക്ക് കാര്യമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മുരളിക്ക് വീരമൃത്യു സംഭവിച്ചത്.
ആന്ധ്രാ പ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള ജവാനായിരുന്നു വീരമൃത്യുവരിച്ച എം. മുരളി നായിക്. വ്യാഴാഴ്ച രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതിലാണ് മരിച്ചത്. ഗൊരാന്റ്ലയിലെ ലോക്കൽ പൊലീസ് പറയുന്നതനുസരിച്ച്, ശ്രീറാം നായിക്കിന്റെ മകൻ മുരളി നായിക്, ആദിവാസി ഗ്രാമത്തിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷം പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘനങ്ങൾ നടത്തുകയും കനത്ത ആക്രമണങ്ങൾ നടത്തുകയും ചെയ്തപ്പോൾ നിയന്ത്രണ രേഖയ്ക്കരികിലാണ് മുരളിക്ക് പോസ്റ്റിങ് ലഭിച്ചിരുന്നത്. ജവാൻ്റെ മൃതദേഹം നാളെ ആന്ധ്രയിലെ ഗ്രാമത്തിലെത്തിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ മറ്റൊരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് കൊല്ലപ്പെട്ടത്.