കഴിഞ്ഞ ദിവസം പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. സംഭവ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. അമിതാധികാരം ഉപയോഗിച്ച് ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ഏപ്രിൽ 23നാണ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് മറുപടിയായി കിട്ടിയതെന്നും ബിന്ദു പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിൽ മാനസിക-ശാരീരിക പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞുവെന്നും തുടങ്ങിയ വിവരങ്ങൾ ബിന്ദു വിവരിച്ചിരുന്നു.
ബിന്ദുവിനെതിരെയുള്ള കള്ളപരാതി കൊടുക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു. പൊലീസ് എങ്ങനെ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തു എന്ന കാര്യവും അന്വേഷിക്കണമെന്നും സതീദേവി അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി കേസന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.