ഓടി ഓടി ജയിക്കുന്നതിലല്ല, മറിച്ച് ജീവിതത്തിലെ കുഞ്ഞു നിമിഷങ്ങളെ, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനെയും ആത്മാർഥമായി ആസ്വദിക്കുന്നതിലാണ് വിജയമെന്നാണ് സ്ലോ ലിവിങ് കോൺസെപ്റ്റ് ചൂണ്ടിക്കാട്ടുന്നത്
നിങ്ങൾ അവസാനമായി വെറുതെ ഇരുന്നത് എന്നാണ്? വെറുതെ ഫോൺ നോക്കി ഇരിക്കുന്നത് അല്ല, മറിച്ച് മുറിയിലെ ജനാലയിലൂടെ പുറത്തുള്ള കാഴ്ചകൾ കണ്ട്, ഒരു കട്ടനൊക്കെ കുടിച്ച്, ഒറ്റയ്ക്ക് സമാധാനമായി വെറുതെ ഇരുന്നതെന്നാണ്? അങ്ങനെ ഇരിക്കാറില്ലാന്ന് ആണെങ്കിൽ, വെറുതെ ഇരിക്കാനും ഇത്തിരി സമയം കണ്ടെത്തുന്നത് നല്ലതാണെന്നാണ് പുതിയ ട്രെൻഡ് പറയുന്നത്. ഫാസ്റ്റ് ലിവിങ്ങിനോട് ബൈ പറഞ്ഞ് സ്ലോ ലിവിങ്ങ് ആസ്വദിക്കാൻ പറയുകയാണ് ജെൻ സീയുടെ പുതിയ ട്രെൻഡ്.
ഫാസ്റ്റ് ഫുഡ്, ഫാസ്റ്റ് ഡെലിവറി, ഫാസ്റ്റ് മെസേജിങ് ഇങ്ങനെ ഇങ്ങനെ, എല്ലാം വേഗത്തിൽ നടക്കണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്. ലൈഫ് ഈസ് എ റെയ്സ് റൺ... റൺ... ചുറ്റുമുള്ള ആളുകൾ ഈ മന്ത്രം ഉരുവിട്ട് ഓടികൊണ്ടിരിക്കുന്നു. എന്നാൽ പുതിയ തലമുറയ്ക്ക് ഈ ഓട്ടം മടുത്ത മട്ടാണ്. എല്ലാത്തിൽ നിന്നും ഒരു ബ്രേക്കെടുത്ത്, ഒരു വർഷം വെറുതെയിരിക്കുക എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുന്നത്? ജോലി, കരിയർ, പണം സമ്പാദിക്കൽ, മുന്നിലെത്താനുള്ള നിരന്തരമായ പരിശ്രമങ്ങൾ ഇതിൽ നിന്നെല്ലാമുള്ള ബ്രേക്ക് നമുക്കെല്ലാം ചെറിയൊരു ആങ്സൈറ്റി അറ്റാക്ക് തന്നെ തന്നേക്കും. എന്നാൽ ജീവിതം പൂർണമായി ആസ്വദിക്കണമെങ്കിൽ ഈ റാറ്റ് മൈസിൽ നിന്ന് പുറത്തുകടക്കണമെന്ന് ജെൻ സീ പറയുന്നു. ഓടി ഓടി ജയിക്കുന്നതിലല്ല, മറിച്ച് ജീവിതത്തിലെ കുഞ്ഞു നിമിഷങ്ങളെ, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനെയും ആത്മാർഥമായി ആസ്വദിക്കുന്നതിലാണ് വിജയമെന്നാണ് സ്ലോ ലിവിങ് കോൺസെപ്റ്റ് ചൂണ്ടിക്കാട്ടുന്നത്.
ഫാസ്റ്റ് ഫുഡിന് പകരം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക, ഭയങ്കര ഷോർട്ട്, ഫാസ്റ്റ് സംഭാഷണങ്ങൾക്ക് പകരം അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുക, നിങ്ങളുടെ നടത്തത്തിൽ പോലുമുള്ള സ്ട്രെസ്സിനെ മാറ്റി നിർത്തി, പതുക്കെയാക്കുക തുടങ്ങിയവയെല്ലാം സ്ലോ ലിവിങ്ങിൻ്റെ ഭാഗമാണ്. നിങ്ങളുടെ പ്രഭാത കൃത്യങ്ങൾക്ക് വരെ സ്ലോ ലിവിങ്ങിൽ വളരെ പ്രാധാന്യമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫോണിലേക്കും സ്ക്രീനുകളിലേക്കും പോകാതെ, ജേണലിങ്, യോഗ, പതുക്കെയുള്ള നടത്തം പോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ട് ദിവസം ആരംഭിക്കാൻ സ്ലോ ലിവിങ് ലൈഫ്സ്റ്റൈൽ പറയുന്നു. മറ്റൊരു കാര്യമാണ് മൈൻഡ്‌ഫുൾ കൺസംപ്ഷൻ, അഥവാ ബോധപൂർവമായ ഉപഭോഗം. ഫാസ്റ്റ് ലിവിങ്ങിനിടെ എന്തും ഏതും വാങ്ങിക്കൂട്ടാതെ, തനിക്ക് ആവശ്യമുള്ളതാണോ എന്നത് ചിന്തിച്ച് കൺസ്യും ചെയ്യുന്നതും സ്ലോ ലിവിങ്ങിൻ്റെ ഭാഗമാണ്.
ALSO READ: ഫുട്ബോൾ ബൂട്ട്സിൽ കറങ്ങുന്ന ജെൻ സീ! ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡ്
കൊറോണ കാലഘട്ടത്തിന് ശേഷമാണ് സ്ലോ ലിവിങ് കോൺസെപ്റ്റ് കൂടുതൽ ജനപ്രിയമാവുന്നത്. വീട്ടിൽ വെറുതെ ഇരുന്ന മിക്കവരും ആങ്ഷ്യസ് ആയപ്പോൾ, ചിലരെങ്കിലും ശ്രദ്ധിച്ചത് വെറുതെ ഇരിപ്പിലെ സമാധാനത്തെക്കുറിച്ചാണ്, ഓട്ടം നിർത്തി ആഴത്തിൽ ജീവിക്കുന്നതിനെക്കുറിച്ചാണ്. അങ്ങനെ 2020ഓടെ പതുക്കെ പതുക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം സ്ലോ ലിവിങ് വീഡിയോസ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്ന് സ്ലോ ലിവിങ് എന്ന ഹാഷ്ടാഗിൽ 7 മില്ല്യണിലധികം പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാമിലുള്ളത്.
പണിയെടുക്കാനുള്ള ഓട്ടത്തെ കുറിച്ച് മാത്രമല്ല, അമിത മൊബൈൽ ഫോൺ ഉപയോഗത്തിൽപെട്ട് വെറുതെ ഇരിക്കാൻ മറന്നുപോയവരെ തിരിച്ചുപിടിക്കാനും സ്ലോ ലിവിങ് ശ്രമിക്കുന്നുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഫോൺ നോട്ടിഫിക്കേഷൻ മുതൽ രാത്രി റീൽസ് കണ്ട് ഉറങ്ങുന്നത് വരെ, വെറുതെയിരിക്കാനോ, തലച്ചോറിനെ റെസ്റ്റെടുക്കാനോ പലരും സമ്മതിക്കാറില്ല. അവർ നിരന്തരം തലച്ചോറിലേക്ക് പുതിയ പുതിയ വാർത്തകൾ അയച്ചുകൊണ്ടേയിരിക്കും. പുതിയ ചിത്രങ്ങൾ, ഐഡിയാസ്, വാർത്തകൾ അങ്ങനെ അങ്ങനെ പാചകം ചെയ്യുമ്പോഴും, തുണി അലക്കുമ്പോഴും, എന്തിന് കക്കൂസിൽ വരെ ഫോണിലൂടെ ബ്രെയിൻ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒന്നു നിർത്തിവെച്ച് തലച്ചോറിന് ഇത്തിരി വിശ്രമം കൊടുക്കാൻ സ്ലോ ലിവിങ് ട്രെൻഡ് നിർദേശിക്കുന്നു.
ALSO READ: ടോപ് നോച്ച് ഗ്രാഫിക്സ്, മ്യൂസിക്, നൊസ്റ്റാൾജിയ! യൂട്യൂബിന് തീപിടിപ്പിച്ച് GTA 6 TRAILER 2
എന്നാൽ ഇൻ്റർനെറ്റിലെ സ്ലോ ലിവിങ്ങ് ഇത്തിരി വ്യത്യസ്തമാണ്. സ്ലോ ലിവിങ് റീലുകളിലെല്ലാം ഒരു ഡ്രീമി, കോസി ലൈഫാണ് കാണുക. റീലുകളിൽ കാണുന്ന ജീവിതം റിയൽ ലൈഫിൽ എത്രത്തോളം പോസിബിൾ ആണെന്നതാണ് ആദ്യത്തെ ചോദ്യം. സ്ലോ ലിവിങ് വീഡിയോകളിലെല്ലാം പ്രകൃതിയോടിണങ്ങി, വളരെ പീസ്‌ഫുളായി ജീവിക്കുന്നവരെ മാത്രമേ കാണാൻ കഴിയൂ. ഇങ്ങനെ ഒരു ജീവിതവും, വെറുതെ ഇരിപ്പും സമൂഹത്തിൽ ഇത്തിരി പ്രിവിലേജ്ഡ് ആയിട്ടുള്ളവർക്ക് മാത്രമെ നടക്കൂ എന്ന വിമർശനവും ഉയരുന്നുണ്ട്.
ഏസ്തെറ്റിക് റീലുകളിൽ കാണുന്നത് മാത്രമല്ല സ്ലോ ലിവിങ്ങെന്ന് മാനസികാരോഗ്യ വിദഗ്ദരും പറയുന്നു. ഉത്കണ്ഠയോ, കുറ്റബോധമോ ഇല്ലാതെ വെറുതെ ഇരിക്കുന്നതും, ഫാസ്റ്റ് ലിവിങ്ങിന് അടിമയായി പോയ നമ്മുടെ നേർവസ് സിസ്റ്റത്തെ, അതിൽ നിന്ന് മോചിപ്പിക്കുന്നതും, പ്രൊഡക്ടിവിറ്റിയാണ് നിങ്ങളുടെ സെൽഫ് വെർത്ത് നിർണയിക്കുന്നതെന്ന ബോധത്തിൽ നിന്ന് പുറത്തുകടക്കുന്നതുമെല്ലാം സ്ലോ ലിവിങ്ങിൻ്റെ ഭാഗമാണ്. ഇതെല്ലാം അത്ര എളുപ്പമുള്ള കാര്യവും അല്ല.
എന്തായാലും റീലുകളിൽ കാണുന്ന സ്ലോ ലിവിങ് പോസിബിൾ അല്ലെങ്കിലും നമുക്ക് ട്രെൻഡിനൊപ്പം നീങ്ങാം. ഫാസ്റ്റ് ലൈഫിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത് ഫോണുകൾക്ക് ഇത്തിരി വിശ്രമം കൊടുക്കാം. റിയൽ ആൻ്റ് റോ ലൈഫ് ആസ്വദിച്ച് ജീവിക്കാം. അപ്പോ 5 സ്റ്റാറിൻ്റെ പരസ്യത്തിൽ പറയുന്നത് പോലെ, ചിലപ്പോ ഒന്നും ചെയ്യാതെയുമിരിക്കൂ.