"ചിലപ്പോഴൊക്കെ മൃതദേഹങ്ങളുടെ മുകളിലൂടെ നടന്ന് പോകേണ്ടി വന്നിട്ടുണ്ട്. കാലങ്ങൾക്ക് മുൻപ് ഇതേ പോലെ എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ച്, സ്വപ്നം കണ്ട് എത്തിയ ആരോ ആയിരിക്കാം നിലത്ത് കിടക്കുന്നതെന്ന തിരിച്ചറിവിൽ ചിലപ്പോഴൊക്കെ തരിച്ച് നിന്നിട്ടുണ്ട്. അടുത്തതായി ഇവിടെ വീണുകിടക്കാൻ പോകുന്നത് എൻ്റെ ശരീരമായിരിക്കുമോ എന്ന ചിന്ത തലയിൽ ഓടിക്കൊണ്ടേയിരിക്കും..."
2025 മെയ് 18. നേപ്പാൾ സമയം രാവിലെ 10.25. അതിശൈത്യത്തെയും തണുത്തുറഞ്ഞ മഞ്ഞുമലകളെയും താണ്ടി, ലോകത്തിൻ്റെ നെറുകയിലെത്തിയ ഒരു മലയാളി വനിത പുതുചരിത്രമെഴുതിയ സമയം. ഇച്ഛാശക്തിയും മനസാന്നിധ്യവും കൈമുതലാക്കി എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിലേക്ക് നടന്നുകയറിയവള്‍... സഫ്രീന ലത്തീഫ്. വർഷങ്ങളുടെ പരിശീലനത്തിനൊടുവില്‍, സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് സഫ്രീന ലത്തീഫ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉച്ചിയിലെത്തിയപ്പോള്‍ മലയാളക്കരയാകെ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ഏവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടത്തിലേക്ക് കൂടിയായിരുന്നു സഫ്രീനയുടെ ആ യാത്ര. വർഷങ്ങളായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനിയായ സഫ്രീനയ്ക്കത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായി. "എന്ത് ചെയ്യുമ്പോഴും, അതിൻ്റെ എക്സ്ട്രീമില്‍ എത്താനാണ് പരിശ്രമിക്കാറുള്ളത്" -ഒറ്റവാചകത്തില്‍ സഫ്രീന പറയുന്നു. പർവതാരോഹണ ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ച് സഫ്രീന ന്യൂസ് മലയാളത്തോട് മനസ് തുറക്കുന്നു...
മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത
ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ വ്യക്തിപരമായ സന്തോഷത്തിനും വെല്ലുവിളികള്‍ക്കും വേണ്ടിയാണ് എൻ്റെ പങ്കാളിയായ ഷമീലിൻ്റെ കൂടെ മറ്റു മലകൾ എല്ലാം കയറിയത്. അത് കൊണ്ടാണ് ഞങ്ങൾ അതൊന്നും സോഷ്യൽ മീഡിയയിൽ അധികമൊന്നും പങ്കുവയ്ക്കാതിരുന്നത്. എവറസ്റ്റും അങ്ങനെത്തന്നെ ആയിരുന്നു. തിരിച്ച് ലുക്ല ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യ മലയാളി വനിത എന്നൊക്കെ വാർത്തയായത് അറിഞ്ഞത്. പക്ഷെ ഇപ്പോൾ അതിനെ കുറിച്ച് അഭിമാനമുണ്ട്.
ബാങ്കിങ്, ബേക്കിങ് പിന്നെ മൗണ്ടനീറിങ്
പല മേഖലകളും ട്രൈ ചെയ്യാനും എക്സ്പ്ലോർ ചെയ്യാനുമൊക്കെ ഇഷ്ടമുള്ള ആളാണ് ഞാൻ. ആദ്യം ഖത്തറിലെ ബാങ്കിങ് മേഖലയിൽ ആയിരുന്നു ജോലി. പിന്നീട് ബോറടിച്ചപ്പോൾ ബേക്കിങ്ങിലേക്ക് തിരിഞ്ഞു. അതിലും ബോറടിച്ചപ്പോഴാണ് മൗണ്ടനീറിങ്ങിലേക്ക് എത്തിയത്.
പണ്ട് മുതൽ തന്നെ സാഹസിക യാത്രയ്ക്ക് പോകണം, ക്യാംപിങ് ചെയ്യണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ് ജോലിയും കുഞ്ഞും ഒക്കെ ആയപ്പോൾ അതൊന്നും നടന്നില്ല. പിന്നീട് കോവിഡ് വന്ന സമയത്താണ് ആരോഗ്യം എത്രത്തോളം പ്രധാനമാണ് എന്ന് മനസിലായത്. ആ സമയത്ത് കുറെയേറെ സമയമുണ്ടായിരുന്നു. അങ്ങനെ ജിമ്മിന് ജോയിൻ ചെയ്തു. ഓടാൻ സമയം കണ്ടെത്തി. ഹാഫ് മാരത്തോണിൽ പങ്കെടുത്തു. അതിന് ശേഷമാണ് ആദ്യമായി മൗണ്ടനീറിങ് ട്രൈ ചെയ്യാൻ തീരുമാനിച്ചത്.
ഉയരങ്ങള്‍ ഹരമാകുന്നു
ഷമീലിനും ഫ്രണ്ട്സിനുമൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ ആണ് ആദ്യമായി മൗണ്ടനീറിങ്ങിനായി തെരഞ്ഞെടുത്തത്. അത് ആദ്യത്തേയും അവസാനത്തേയും ശ്രമമായിരിക്കും എന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. അന്ന് അതിൻ്റെ ഏറ്റവും ഉച്ചസ്ഥാനത്ത് (summit) എത്താൻ സാധിച്ചു. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞങ്ങളൊക്കെ അത്രയും സന്തോഷത്തിലായിരുന്നു. അപ്പോഴേക്കും മൗണ്ടനീറിങ് ഹരമായി മാറിത്തുടങ്ങി. തിരിച്ച് വരുമ്പോൾ അടുത്തതായി തെരഞ്ഞെടുക്കേണ്ട പർവതം ഏതാണെന്ന ആലോചനയിലായിരുന്നു ഞങ്ങള്‍. പിന്നീട് നാല് മാസത്തിന് ശേഷം 7,000 മീറ്ററിൻ്റെ അടുത്ത് ഉയരമുള്ള അർജൻ്റീനയിലുള്ള അകൊൻകാഗ്വ പർവതവും കയറി.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്വപ്നമാകുമ്പോള്‍
കഴിഞ്ഞ നാല് വർഷത്തെ പരിശ്രമമായിരുന്നു അത്. അകൊൻകാഗ്വ പൂർത്തിയാക്കിയപ്പോഴാണ് ഇനി ഇതിനും മുകളിൽ എന്താണ് എന്ന് ചിന്തിച്ചത്. ഇനി മുന്നിലുള്ളത് എവറസ്റ്റാണ്. അടുത്തതായി എവറസ്റ്റ് തെരഞ്ഞെടുക്കാമെന്ന് മനസിലുറപ്പിച്ചു. എവറസ്റ്റ് കീഴടക്കാൻ സാധാരണ നിലയിലുള്ള തയ്യാറെടുപ്പ് പോരായിരുന്നു. തിരിച്ച് ഖത്തറിലെത്തിയപ്പോൾ തന്നെ ഞാനും ഷമീലും ഒരു ട്രെയിനറെ കണ്ടുപിടിച്ചു. ഞങ്ങൾക്ക് എന്തായാലും എവറസ്റ്റ് കയറണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ട്രെയിനറും ഒരുപാട് പരിശ്രമിച്ചു. ഒരുപാട് റിസർച്ച് ചെയ്താണ് കഴിഞ്ഞ മൂന്ന് - നാല് വർഷമായി മൗണ്ടനീറിങ് സ്പെസിഫിക്കായുള്ള ട്രെയിനിംഗ് ഞങ്ങൾക്ക് തന്നത്. ഈ വർഷങ്ങളിൽ ഞങ്ങൾ പോയിട്ടുള്ള ഓരോ ട്രിപ്പും എവറസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. ഹെൽത്തി ഡയറ്റാണ് ഇത്രയും കാലം പിന്തുടർന്നത്.
ലോകത്തിൻ്റെ നെറുകയില്‍ എത്തിയ നിമിഷം
മൗണ്ടനീറിംഗ് മാനസികമായ ബലപരീക്ഷണം കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത കുറെയധികം കാഴ്ചകൾ വഴിയിൽ കണ്ടെന്നിരിക്കും. ചിലപ്പോൾ ഹിമപാതം ഉണ്ടായേക്കും. മഞ്ഞുവീഴ്ച ഉണ്ടാകും. ചിലപ്പോഴൊക്കെ മൃതദേഹങ്ങളുടെ മുകളിലൂടെ നടന്ന് പോകേണ്ടി വന്നിട്ടുണ്ട്. കാലങ്ങൾക്ക് മുൻപ് ഇതേ പോലെ എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ച്, സ്വപ്നം കണ്ട് എത്തിയ ആരോ ആയിരിക്കാം നിലത്ത് കിടക്കുന്നതെന്ന തിരിച്ചറിവിൽ ചിലപ്പോഴൊക്കെ തരിച്ച് നിന്നിട്ടുണ്ട്. അടുത്തതായി ഇവിടെ വീണുകിടക്കാൻ പോകുന്നത് എൻ്റെ ശരീരമായിരിക്കുമോ എന്ന ചിന്ത തലയിൽ ഓടിക്കൊണ്ടേയിരിക്കും. ഈ ചിന്തകളെയൊക്കെ പൊരുതി തോൽപ്പിച്ച് വേണമായിരുന്നു സമ്മിറ്റിലെത്താൻ. സമ്മിറ്റിലെത്തി കഴിഞ്ഞാൽ ഇനി നമ്മുടെ മുകളിലേക്ക് ഒന്നുമില്ല, ലോകത്തിൻ്റെ നെറുകയിലാണ് എന്ന ചിന്ത നൽകുന്ന ഹരം വല്ലാത്തൊരു അനുഭവമാണ്. കാർഡിയോ പ്രവർത്തനം അത്ര ശരിയായിരുന്നില്ല എന്നതൊഴിച്ചാൽ, മെൻ്റലി, ഫിസിക്കലി ഞാൻ സ്ട്രോങായിരുന്നു.
പല ഭാഷ, പല രാജ്യം, ഒരു സ്വപ്നം
ഈ യാത്രയ്ക്കിടയിലെ ഏറ്റവും സ്പെഷ്യൽ മൊമെൻ്റ്സ് ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റു ക്ലൈമ്പേഴ്സ് തന്നെയാണ്. എല്ലാവരും ഓരോരോ രാജ്യങ്ങളിൽ നിന്നും, പല കാര്യങ്ങളിൽ വിദഗ്ധരായിട്ടുള്ളവർ. എന്നാൽ ഒരേ സ്വപ്നം കണ്ട് ബേസ് ക്യാമ്പിൽ എത്തിയപ്പോൾ കണ്ടുമുട്ടിയവർ. എലൈറ്റ് എക്സ്പെഡ് ഗ്രൂപ്പിലെ നിംസ്ദായ്, മിംഗ്മ ഡേവിഡ് ഷെർപ്പ, തേജൻ ഗുരുഗ് എന്നിവരെപോലെയുള്ള ലെജൻഡ്സിനെ കണ്ടുമുട്ടാനും അവരുടെ ട്രെയിനിംഗ് കിട്ടാനും സാധിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ഓരോ ഷേർപ്പയും ഒന്നിനൊന്ന് മികച്ചവരും നേപ്പാളിലെ മികച്ചവരിൽ മികച്ചവരുമായിരുന്നു. അവരിൽനിന്നും കുറെയധികം പഠിക്കാൻ പറ്റി.
ജീവനോടെ തിരിച്ച് വരാൻ കൊടുത്ത ചെറിയ വില
നല്ല അധ്വാനവും ചിലവും ഉള്ള ഒരു സ്പോർട്ട് ആണ് മൗണ്ടനീറിങ്. ട്രെയിനിങ്ങിൻ്റെ ഇടയിലും പരിക്കുകൾ പറ്റിയിരുന്നു. റൊട്ടേഷൻ ക്ലൈമ്പിൻ്റെയും സമ്മിറ്റ് ക്ലൈമ്പിൻ്റെയും സമയത്ത് പിരീഡ്സ് ആയിരുന്നു. സമ്മിറ്റ് ക്ലൈമ്പിൻ്റെ സമയത്ത് അത് പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് കയ്യിൽ പാഡും ഉണ്ടായിരുന്നില്ല. പക്ഷെ ആ സമയത്ത് വലിയ ലക്ഷ്യത്തിന്റെ മുന്നിൽ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. സമ്മിറ്റിൽ നിന്നും തിരിച്ച് വരുമ്പോഴേക്കും വിരലുകളിൽ ഫ്രോസ്റ്റ് ബൈറ്റും രണ്ടു കണ്ണിലും സ്നോ ബ്ലൈന്‍റഡ്നെസും പിടിപെട്ടിരുന്നു. കണ്ണുകൾ തുറക്കാനോ ശരിയായി കാണാനോ പറ്റിയിരുന്നില്ല. എങ്ങനെയൊക്കെയോ ക്യാമ്പ് 2-ൽ തിരിച്ചിറങ്ങി. രണ്ടിനും ഇപ്പോൾ ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. കാഴ്ച ഏതാണ്ട് മുഴുവൻ തിരിച്ചുവന്നു. വലതുകൈയിലെ ചെറിയ വിരലിന്റെ അറ്റത്ത് ഇപ്പോഴും ഫ്രോസ്റ്റ്ബൈറ്റ് അങ്ങനെത്തന്നെയുണ്ട്. അത് ജീവനോടെ തിരിച്ച് വരാൻ കൊടുത്ത ചെറിയ ഒരു വിലയായി കരുതാം.
എന്‍റെ സ്വപ്നത്തിനൊപ്പം അവരും
പങ്കാളിയുടെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. എൻ്റെ പാർട്ണർ ഡോ. ഷമീൽ മുസ്തഫയും ഞാനും ഒരുമിച്ചാണ് ഇതുവരെ എല്ലാ പർവതങ്ങളും കയറിയത്. എവറസ്റ്റും ഒരുമിച്ച് കയറണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ വർഷം പ്ലാൻ ചെയ്തപ്പോൾ ഷമീലിന് കയ്യിന് പരിക്കേറ്റു. അങ്ങനെയാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. ഈ വർഷം വീണ്ടും കാലിന് പരിക്ക് പറ്റി. അതോടെയാണ് ഞാൻ ഒറ്റയ്ക്ക് എവറസ്റ്റ് സമ്മിറ്റിന് തയ്യാറെടുക്കുന്നത്. ലോകത്തിൻ്റെ നെറുകയിൽ നില്‍ക്കുന്നത് ഞാനായാലും ഷമീൽ ആയാലും ഒരുപോലെയല്ലെ എന്ന് പറഞ്ഞ് വലിയ പിന്തുണയാണ് പാർട്ണർ തന്നത്.
ഞങ്ങളുടെ പതിനാലുകാരിയായ മകൾ മിൻഹയ്ക്കും ഇപ്പോൾ മൗണ്ടനീറിങ്ങിൽ താല്പര്യം തോന്നി തുടങ്ങിയിട്ടുണ്ട്. അവൾക്ക് കിളിമഞ്ചാരോ കയറണമെന്ന ആഗ്രഹം ഞങ്ങളോട് ഇങ്ങോട്ട് പറഞ്ഞു. ഇത് കേട്ടപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. അവളും ഇപ്പോൾ ഞങ്ങളോടൊപ്പം ട്രെയ്നിങ്ങിന് വരുന്നുണ്ട്. അത് അവളുടെ തന്നെ തീരുമാനമാണ്. അതിൽ അവൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുമോ എന്നതാണ് ഞങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
ആഗ്രഹങ്ങൾ ഒരിക്കലും മറ്റുള്ളവർക്കോ പിന്നത്തേക്കോ വേണ്ടി മാറ്റിവെക്കരുത്
ഒരിക്കലും സ്വന്തം പാഷൻ കൈവിടരുത്. അത് എന്ത് തന്നെയായാലും. സാധാരണ ഒരാൾ ജിമ്മിൽ പോകുമ്പോഴോ നടന്നോ ഓടിയോ തുടങ്ങുമ്പോഴോ ഒരു വലിയ ലക്ഷ്യം വെക്കണം. അതിലേക്കായിരിക്കണം ട്രയ്നിംഗ് കേന്ദ്രീകരിക്കേണ്ടത്. നല്ല ആരോഗ്യം ഉള്ള ശരീരം അതിനൊപ്പം താനേ വന്നോളും. അവസരങ്ങൾ വീണുകിട്ടിയാൽ സ്വന്തം ആഗ്രഹങ്ങൾ ഒരിക്കലും മറ്റുള്ളവർക്കോ പിന്നത്തേക്കോ വേണ്ടി മാറ്റിവെക്കരുത്. ജീവിതത്തിൽ സ്വന്തം ലക്ഷ്യങ്ങൾ നേടാൻ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്ന പങ്കാളികളെയും എല്ലാവർക്കും കിട്ടട്ടെ.
ഇച്ഛാശക്തിയും അധ്വാനവും ഉണ്ടെങ്കിൽ ആർക്കും എന്തും സാധിക്കും. സ്വന്തം സന്തോഷം കണ്ടെത്തേണ്ട ബാധ്യത ഓരോരുത്തർക്കും ആണ്. അത് ഒരിക്കലും മറ്റൊരാളെ ആശ്രയിച്ചായിരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെക്കാതിരിക്കുക. ഇപ്പോൾ ചെയ്യാൻ പറ്റുന്നത് ഇപ്പോൾ തന്നെ ചെയ്യുക. ജീവിതത്തിൽ പണത്തിനേക്കാൾ കൂടുതൽ പ്രാധാന്യം അനുഭവങ്ങൾക്കും, ഓർമകൾക്കും, യാത്രകൾക്കും ഉണ്ട്. സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി പണം ചിലവാക്കുന്നത് ഒരിക്കലും ഒരു പാഴ്ചിലവല്ല.