പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു എസ് വൈസ് പ്രസിഡൻ്റിൻ്റെ പ്രതികരണം ഏറെ പ്രാധാന്യമർഹിക്കുന്നു
പഹൽ ഗാം ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തുടർ നടപടികൾ ശ്രദ്ധയോടെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസ്. പാകിസ്ഥാന് മറുപടി നൽകുവാനുള്ള ഇന്ത്യയുടെ നീക്കം അതിർത്തിയിലെ പ്രാദേശിക സംഘർഷങ്ങൾ ഒഴിവാക്കുന്നത് പരിഗണിച്ചാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു വാൻസിൻ്റെ വാക്കുകൾ. സംഭവത്തിൽ ആത്യന്തികമായി പാകിസ്ഥാന് ഉത്തരവാദിത്തമുണ്ട്. തീവ്രവാദികളെ കണ്ടെത്തി നടപടിയെടുക്കാൻ പാകിസ്ഥാൻ ഇന്ത്യയോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാൻസ് കൂട്ടിച്ചേർത്തു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരസ്യ പരാമർശം നടത്തിയത്. 2019-ൽ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു എപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്നത്.
Also Read; പഹൽഗാം ഭീകരാക്രമണം: പിന്നിൽ ലഷ്കറെ ത്വയ്ബയും ഐഎസ്ഐയുമെന്ന് NIA റിപ്പോർട്ട്
ആക്രമണം നടക്കുന്ന സമയത്ത് സമയത്ത് വാൻസും കുടുംബവും നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ ഉണ്ടായിരുന്നു..ആക്രമണത്തെ തുടർന്ന് ആദ്ദേഹം ആക്രമണത്തെ അപലപിക്കുകയും എക്‌സിലെ ഒരു പോസ്റ്റിൽ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യു എസ് വൈസ് പ്രസിഡൻ്റിൻ്റെ പ്രതികരണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചിരുന്നു. അന്വേഷണത്തിൽ സഹകരിക്കാനും സംഘർഷം ലഘൂകരിക്കാൻ പ്രവർത്തിക്കാനും റൂബിയോ പാകിസ്ഥാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേഖലയിലെ സമാധാനവും വികസനവും തര്‍ക്കാനുള്ള പാകിസ്ഥാൻ്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്. ആക്രമണത്തെത്തുടർന്ന് ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. സൈന്യവും, ജമ്മു കശ്മീർ പൊലീസും സജീവമായി രംഗത്തുണ്ട്. അതേ സമയം സ്ലീപ്പർ സെല്ലുകളെ കണ്ടെത്താൻ എൻഐഎ റെയ്ഡ് തുടരുകയാണ്.