കേരളത്തെ ഞെട്ടിച്ച പല കേസുകളിലും പ്രതിഭാഗത്തിന്റെ അഭിഭാഷകനായെത്തി എന്നത് തന്നെയായിരുന്നു ആളൂരിനെ ശ്രദ്ധേയനാക്കിയത്.
ഒരു പതിറ്റാണ്ടു കാലമായി കേരളത്തില്‍ നിറഞ്ഞു നിന്ന, വിവാദമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകനായിരുന്നു ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം എറണാകുളത്തെ ലിസി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ കമന്റുകളിലൂടെ ജനം അറിയിച്ചത് ആ മരണത്തിലെ അതിയായ ആഹ്‌ളാദമായിരുന്നു, ഒരുപക്ഷെ ഇന്നേ വരെ ഒരു അഭിഭാഷകനും നേരിടേണ്ടി വന്നിട്ടില്ലാത്ത തരം വെറുപ്പും.
കേരളത്തെ ഞെട്ടിച്ച പല കേസുകളിലും പ്രതിഭാഗത്തിന്റെ അഭിഭാഷകനായെത്തി എന്നത് തന്നെയായിരുന്നു ആളൂരിനെ ശ്രദ്ധേയനാക്കിയത്. ആളൂരിനെ മലയാളികള്‍ ആദ്യമായി ശ്രദ്ധിക്കുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ്. എത്ര കടുത്ത കുറ്റം ചെയ്താലും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ പ്രതിക്ക് കിട്ടണമെന്നതായിരുന്നു ആളൂരിന്റെ നിലപാട്. അതോടെ ഗോവിന്ദച്ചാമിയോടുളള കേരളത്തിന്റെ വെറുപ്പിന്റെ പങ്ക് ആളൂരിലേക്കും തുടര്‍ന്നു.
കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ല എന്നായിരിക്കണം ആളൂരിന്റെ തത്വം. കൂടത്തായി കേസിലെ പ്രതി ജോളിക്കു വേണ്ടിയും പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയുടെ കൊലക്കേസിൽ പ്രതിയായ അമീറുല്‍ ഇസ്ലാമിനുവേണ്ടിയും, ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായി ആളൂര്‍ തന്നെ എത്തി. കുപ്രസിദ്ധമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയെന്നത് ആളൂരിന് ഒരു ഹരമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി ആളൂര്‍ കോടതിയില്‍ ഹാജരായിരുന്നു.
ALSO READ: ഔറംഗസേബ് - ചരിത്രം, മതം, രാഷ്ട്രീയം
ആളൂര്‍ ഏറ്റെടുത്തിരുന്ന കേസുകളെയും,'പിശാചിന്റെ അഭിഭാഷകന്‍' എന്ന വിളിപ്പേരിനെയും കുറിച്ചുള്ള ചോദ്യത്തിന് - പോയി കൊന്നിട്ട് വാ.. ഞാന്‍ നിന്നെ രക്ഷിക്കാം എന്ന് പറയുന്ന ഒരു വക്കീലല്ല താനെന്നും ഏതെങ്കിലും കേസില്‍ പ്രതിയായിപ്പോയ ശേഷം, തന്നെ സമീപിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് കോടതിയിലെത്താറുളളതെന്നും, തന്റെയടുത്ത് വരുന്ന കക്ഷിക്ക് നീതി കിട്ടാനായി അവരുടെ കുടുംബം തന്നെ എതിര് നിന്നാലും ഞാന്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ സാധാണക്കാരന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ തന്നെയാണ്, അദ്ദേഹത്തിന്റെ മരണത്തെപ്പോലും ആളുകള്‍ക്കിടയില്‍ ആഹ്‌ളാദകരമാക്കിയത്.
ആളൂരിന്റെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ കമന്റുകള്‍ അത്രയും വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരുന്നു. ഏറെ കാത്തിരുന്ന മരണം പോലെയാണ് ജനങ്ങള്‍ ആ വാര്‍ത്ത ഏറ്റുവാങ്ങിയത്;
'ചത്തിട്ടും ഏറ്റവും കൂടുതല്‍ തെറിവിളി കേള്‍ക്കാന്‍ പോകുന്ന ഒരു വക്കീല്‍ ആയിരിക്കും ആളൂര്‍', 'എന്തായാലും റീത്ത് വെക്കാന്‍ ഗോവിന്ദചാമി വരും', ഒരാള്‍ മരിച്ചതില്‍ ആദ്യമായി സന്തോഷം തോന്നുന്നു.' ഇങ്ങനെ പോകുന്നു കമന്റുകള്‍. ഒരു അഭിഭാഷകന്‍ ക്രിമിനലുകളുടെ കേസ് എടുത്തു എന്നതിന്റെ പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ? അദ്ദേഹം തന്റെ തൊഴിലല്ലേ ചെയ്തത് - എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന ചുരുക്കം ചിലര്‍ മാത്രമാണ് കമന്റ് ബോക്‌സുകളില്‍ പ്രതികരിച്ചത്.
നമ്മുടെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയനുസരിച്ച് എല്ലാ മനുഷ്യര്‍ക്കും കോടതിയില്‍ അവരുടെ വാദം കേള്‍പ്പിക്കാന്‍ അഭിഭാഷകരെ വെക്കാം. ഒരാള്‍ കുറ്റവാളി ആണെന്ന് പൊലീസ് പറഞ്ഞാലും സമൂഹം പറഞ്ഞാലും, നീതിമാനാണെന്ന് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷികുന്നത് വരെ അയാള്‍ക്ക് വിശ്വസിക്കാനുളള അവകാശമുണ്ട്. അയാളുടെ അവകാശം സംരക്ഷക്കണ്ടേ ബാധ്യത അഭിഭാഷക സമൂഹത്തിനും ഉണ്ട്. ആയതിനാല്‍ കുറ്റവാളിക്ക് വേണ്ടി വാദിക്കുന്നു എന്നത് തെറ്റല്ല. അഭിഭാഷകന്റെ കര്‍ത്തവ്യം കുറ്റാരോപിതര്‍ക്കു വേണ്ടി വാദിക്കുക എന്നതാണ്.
സമൂഹത്തിന് മുന്നില്‍ ആളൂര്‍ വെറുക്കപ്പെടുന്നവനാകുന്നത് അദ്ദേഹത്തിന്റെ കേസുകളിലെ തെരഞ്ഞെടുപ്പുകള്‍ മൂലവും വൈകാരികതയ്ക്ക് അത്രമേല്‍ പ്രാധാന്യം ലഭിക്കുന്നതുകൊണ്ടും കൂടിയാണ്.