നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെ ഇ ഡി അറസ്റ്റ് ചെയ്തു
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെ ഇ ഡി അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും അറസ്റ്റിലായി.
ALSO READ: മാസപ്പടി കേസ്: എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല, ഈ മാസം 21ന് വീണ്ടും പരിഗണിക്കും
റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കമറുദ്ദീൻ വൻതുക പലരിൽ നിന്നായി പിരിച്ചെടുത്തതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് സന്ദർശനം നടത്തി നിക്ഷേപം ആകർഷിച്ചു. ഒരു കോടി രൂപ നിക്ഷേപിച്ചാൽ കമ്പനി ഡയറക്ടർ ആക്കാമെന്ന് വാഗ്ദാനം നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വിദേശ നിക്ഷേപകരിൽ പലരെയും കമ്പനി ഡയറക്ടർമാരായി നിയമിച്ചു. നിക്ഷേപങ്ങൾ സ്വർണമായും പണമായുമാണ് സ്വീകരിച്ചത്. ലാഭവിഹിതം നൽകിയത് പ്രധാനമായും പണമായി. നിക്ഷേപം സ്വീകരിക്കുന്നതിന് നിയമ തടസമുള്ളതിനാൽ ഓഹരി ഉടമകൾ എന്ന രീതിയിലാണ് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. കിട്ടിയ പണം ഉപയോഗിച്ച് ഇരുവരും കുടുംബാംഗങ്ങളുടെ പേരിലും മറ്റും വസ്തു വകകൾ വാങ്ങിക്കൂട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നോട്ട് നിരോധനമാണ് കമ്പനിക്ക് തിരിച്ചടിയായത് എന്ന് പ്രതികളുടെ മൊഴിയിൽ പറയുന്നുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെ ആളുകൾ നിക്ഷേപം പിൻവലിച്ചു തുടങ്ങി. പുതുതായി നിക്ഷേപം എത്തിയതും ഇല്ല. ഇതോടെ കമ്പനിക്ക് കീഴിലുള്ള ജ്വല്ലറികൾ പൂട്ടേണ്ടി വന്നു എന്ന് പ്രതികൾ പറഞ്ഞതായി ഇ ഡി പറയുന്നു.
ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിൽ എം.സി കമറുദ്ദീനെ കഴിഞ്ഞ മാസവും അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപമായി ഇരുവരിൽ നിന്നും 37 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു പരാതി.
കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ 168 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. തുടർന്ന് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.