ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിളിച്ച പടിഞ്ഞാറന്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തിയിലെ സുരക്ഷയും വിലയിരുത്തി
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ കനത്ത തിരിച്ചടിക്ക് നിര്‍ദേശം നല്‍കി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ എല്ലാ സൈനിക കമാന്‍ഡര്‍മാർക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കരസേന മേധാവിയുടെ നിര്‍ദേശം. പടിഞ്ഞാറന്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തിയിലെ സുരക്ഷയും വിലയിരുത്തി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം അതിര്‍ത്തിയിലെ ഓരോ ചലനവും സൂക്ഷ്മമായി വിലയിരുത്തുകയാണ് ഇന്ത്യന്‍ സേനയും കേന്ദ്ര സര്‍ക്കാരും. ഞായറാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും നടന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നും രാജ്യം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗത്തില്‍ ധാരണയായി.
ഞായറാഴ്ച വൈകിട്ട് 6.30 ന് മൂന്ന് സേനകളുടെയും DGMO മാര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമാണെന്നും കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും നല്‍കിയ ചുമതലകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു പ്രസ്താവന യഥാസമയം നല്‍കുമെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്.