30 ലധികം പേർക്ക് പരിക്കേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചതായും റിപ്പോർട്ടുണ്ട്
യുക്രെയ്‌നിലുടനീളം റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാത്രി സമയത്ത് നടത്തിയ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചതായി ബിബസി റിപ്പോർട്ട് ചെയ്തു.
യുക്രെയ്‌നിൻ്റെ പടിഞ്ഞാറൻ ഖ്‌മെൽനിറ്റ്സ്‌കി മേഖലയിൽ നാല് മരണങ്ങളും, കൈവ് മേഖലയിൽ മൂന്ന് മരണങ്ങളും, മൈക്കോലൈവിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് നേരിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് കീവിൽ വീണ്ടും ആക്രണമുണ്ടാകുന്നത്. റഷ്യൻ ആക്രമണത്തിന് ശേഷം നിരവധി വീടുകൾ കത്തിനശിച്ചതിന്റെ ഫോട്ടോകൾ കൈവ് മേഖലാ മേധാവി മൈക്കോള കലാഷ്നിക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ALSO READ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ഡോക്‌ടറുടെ 10 മക്കളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ശനിയാഴ്ച രാത്രിയിൽ മോസ്കോ ഉൾപ്പെടെ നിരവധി റഷ്യൻ പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന 95 യുക്രെനിയൻ ഡ്രോണുകൾ വ്യോമ പ്രതിരോധ യൂണിറ്റുകൾ വെടിവച്ചിടുകയോ തടയുകയോ ചെയ്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. റഷ്യയിലെ എട്ട് പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് യുക്രെനിയൻ ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തലസ്ഥാനത്തെ ലക്ഷ്യമിട്ട് വന്ന 12 ഡ്രോണുകളെ വെടിവെച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൽ റിപ്പോർട്ട് ചെയ്തു.