ഏതു രാഷ്ട്രീയം തെരഞ്ഞെടുക്കണം, ആര്‍ക്ക് വോട്ട് ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
യാക്കോബായ സഭാ എപ്പോഴും രാഷ്ട്രീയത്തോട് ഒരു ദൂരം പാലിക്കുന്നുവെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ. രാഷ്ട്രീയത്തില്‍ ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല, ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുകയാണ് സഭയുടെ രീതിയെന്നും കാതോലിക്ക ബാവ പറഞ്ഞു. കെപിസിസി നേതൃമാറ്റം സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏതു രാഷ്ട്രീയം തെരഞ്ഞെടുക്കണം, ആര്‍ക്ക് വോട്ട് ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണെന്നും കാതോലിക്കാ ബാവ പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യ ബോധത്തില്‍ മതപരമായോ അല്ലാതെയോ അഭിപ്രായം പറയുന്നത് ചില കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ ശരിയല്ലെന്നും ബാവ പറഞ്ഞു.
കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ആന്റോ ആന്റണിയുടെ പേര് ഉയര്‍ന്നു കേട്ടതില്‍ സഭകളുടെ സ്വാധീനം ചര്‍ച്ചയായിരുന്നു. എന്നാല്‍ സഭകള്‍ ഒന്നിലും ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ പറഞ്ഞിരുന്നു.
സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ഒരു സഭയും ഒന്നിലും ഇടപെട്ടിട്ടില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോവുകയാണ്. ആ സാഹചര്യത്തിലാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.