പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജനാലയിലൂടെ കയ്യിട്ട് മോഷണം നടത്തുകയായിരുന്നു
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ് 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ. ഇടുക്കി അടിമാലി സ്വദേശി മനീഷാണ് കോട്ടയം പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
കഴിഞ്ഞ 13നായിരുന്നു പാലാ ഇടപ്പാടി കുറിച്ചി ജംഗ്ഷൻ ഭാഗത്ത് പനച്ചിക്കപ്പാറയിൽ ജോസ് തോമസിൻ്റെ വീട്ടിൽ മോഷണം നടന്നത്. പുരയിടത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ജനാലയിലൂടെ കയ്യിട്ട് മോഷണം നടത്തുകയായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ജോസിൻ്റെ ഭാര്യ ക്രിസ്റ്റിയുടെയും ഇളയ മകളുടെയും കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടാവ് കവർന്നു. 1,80, 000 രൂപയുടെ ആഭരണങ്ങൾ ആണ് മോഷണം പോയത്.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി അടിമാലി സ്വദേശി ടാർസൺ എന്ന് വിളിക്കുന്ന മനീഷാണ് മോഷണം നടത്തിയതെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. അടിമാലി പൊലീസിൻ്റെ സഹായത്തോടെ ഇയാളെ കോട്ടയത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. തൊണ്ടിമുതലും ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.