ബലാത്സംഗത്തിനിരയായി കാറിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു, പിന്നാലെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ഓടുന്ന കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ. ഗ്രേറ്റർ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സുഹൃത്തിനെയും ഇവർ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ബലാത്സംഗത്തിനിരയായ പെൺകുട്ടി കാറിൽ നിന്ന് രക്ഷപ്പെട്ട്, പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടികളെ ഗ്രേറ്റർ നോയിഡയിൽ നിന്നും ലഖ്‌നൗവിൽ എത്തിച്ചത്. ലഖ്‌നൗവിലേക്കുള്ള യാത്രമധ്യേ ഇവർ കാറിനുള്ളിൽ നിന്ന് മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. പിന്നാലെ പെൺകുട്ടികളും പ്രതികളും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെയാണ് ഒരു പെൺകുട്ടിയെ പ്രതികൾ കാറിൽ നിന്ന് തള്ളിയിടുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരിച്ചു.
ALSO READ: വാട്‌സ്ആപ്പ് വഴി ഓർഡർ ചെയ്തത് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ; യുവ ഡോക്ടർ അറസ്റ്റിൽ
ശേഷം കാറിലുണ്ടായിരുന്ന മൂന്ന് പ്രതികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പെൺകുട്ടി അതിസാഹസികമായി കാറിൽ നിന്ന് രക്ഷപ്പെട്ടു. മീററ്റിൽ നിന്ന് 100 മീറ്ററോളം അകലെ ബുലന്ദ്ഷഹർ ജില്ലയിലെ ഖുർജയ്ക്ക് സമീപത്താണ് പെൺകുട്ടി എത്തിപ്പെട്ടത്. പിന്നാലെ കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചതിന് ശേഷം അലിഗഡ്-ബുലന്ദ്ഷഹർ ഹൈവേയിൽ വെച്ചാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. പിടികൂടുന്നതിനിടെ പ്രതികളും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസ് വെടിവയ്പ്പിൽ രണ്ട് പ്രതികൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.