നിയയുടെ മരണം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മാസത്തിനിടെ മരിച്ച മൂന്ന് കുട്ടികളും വാക്‌സിന്‍ എടുത്തവരാണ്. ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് കൊല്ലം വിളക്കുടി സ്വദേശിനി നിയ ഫൈസൽ പേവിഷബാധയെ തുടർന്ന് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
നിയയുടെ മരണം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യ സംഭവമല്ല ഇന്നുണ്ടായതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏപ്രില്‍ 9-ന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ പതിമൂന്ന് വയസുകാരിയും വാക്‌സിന്‍ എടുത്ത ശേഷമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 29-ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും ഇതേ രീതിയിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരില്‍ 20 പേര്‍ക്കാണ് വാക്സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും വാക്‌സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇതേ സര്‍ക്കാരും ആരോഗ്യ വകുപ്പുമാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്‌തെന്ന് അടുത്തിടെ സിഎജി കണ്ടെത്തിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം പെരുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തെരുവ് നായക്കളെ നിയന്ത്രിക്കുന്നതില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയി. 2024ല്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് 3,16,793 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയില്‍ പോയവരുടെ കണക്ക് കൂടി പുറത്ത് വന്നാല്‍ എണ്ണം ഇരട്ടിയിലധികമാകും. വിഷയം പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ ഉന്നയിച്ചിട്ടും ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. പേ വിഷബാധ നിയന്ത്രിക്കാന്‍ മള്‍ട്ടി ഡിസിപ്ലിനറി രോഗ നിയന്ത്രണ സംവിധാനം നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തിരുത്താന്‍ ആകാത്ത തകര്‍ച്ചയിലേക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നതെന്നും പിഞ്ചു കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നത് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.