മെയ് 23നാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട തിയേറ്ററിലെത്തുന്നത്
ഐഡന്റിറ്റിക്കും എമ്പുരാനും ശേഷം നടന്‍ ടൊവിനോ തോമസ് അടുത്ത ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രം. മെയ് 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ഒരു സമരവും അതുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ ഇടപെടലുമെല്ലാമാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ ചിത്രത്തിന്റെ ഇതിവൃത്തത്തിന് 2003ലെ മുത്തങ്ങ സമരവുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ടൊവിനോ തോമസ്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ചിത്രം മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടതാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ അനുരാജ് മനോഹറും ടൊവിനോയും ചിത്രത്തിന് സമരവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.
"സിനിമയിലൂടെ ഞങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് പറയുന്നത്. പക്ഷെ എന്നാലും ഇതൊരു സാങ്കല്‍പിക കഥയാണ്. ഞങ്ങള്‍ തീര്‍ച്ചയായും യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷെ ഇതൊരിക്കലും ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ ഷോട്ട് ബൈ ഷോട്ട് ചിത്രീകരണമല്ല", ടൊവിനോ പറഞ്ഞു.
ALSO READ : കാനില്‍ കണ്ടുമുട്ടി സുഹൃത്തുക്കള്‍; സ്‌നേഹം പങ്കിട്ട് അനുപം ഖേര്‍, റോബര്‍ട്ട് ഡി നീറോ
"ഞങ്ങള്‍ക്കൊരിക്കലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് സിനിമയിലുള്ളതെന്ന് ഉറപ്പിച്ച് പറയാനാകില്ല. തീര്‍ച്ചയായും ഫിക്ഷണല്‍ എലമന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. എന്റെ കഥാപാത്രം ഉള്‍പ്പടെയുള്ള മിക്ക കഥാപാത്രങ്ങളും സാങ്കല്‍പികമാണ്", എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവര്‍ പൊലീസ് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആര്യാ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം. ബാദുഷ, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരക്കഥ- അബിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, വരികള്‍- കൈതപ്രം, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്.